NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയിൽ മഞ്ഞപ്പിത്തം അതിവേഗം പടരുന്നു; രോഗബാധിതരുടെ എണ്ണം 157 ആയി ഉയർന്നു, വണ്ടൂരിലെ ഹോട്ടലിൽ നിന്ന് രോഗബാധയേറ്റവർ 66 ആയി..!

 

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്ത രോഗ വ്യാപനം അതിരൂക്ഷമാകുന്നു. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 157 ആയി ഉയർന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. മിന്നായം വരെ 98 പേർക്കായിരുന്ന രോഗബാധ, ഇന്നലെ മാത്രം 59 പേർക്കുകൂടി പുതുതായി സ്ഥിരീകരിച്ചതോടെയാണ് 157 ആയി കുതിച്ചുയർന്നത്.

 

കാളികാവിൽ ചികിത്സയിലായിരുന്ന ഒരു വ്യാപാരി മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. കാളികാവിൽ ഇന്നലെ മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പഞ്ചായത്തിൽ മാത്രം രോഗബാധിതരുടെ എണ്ണം 20 ആയി.

 

വണ്ടൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് കാളികാവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 66 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്.

 

ഇന്നലെ പുതുതായി തിരുവാലിയിൽ 22, വണ്ടൂരിൽ 14, കാളികാവിൽ 12, പോരൂരിൽ 6, ചോക്കാട് 2, മമ്പാട് 1, തൃക്കലങ്ങോട് 1, പോത്തുകല്ല് 1 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

 

രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാളികാവ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ഹോട്ടലുകളിലും വീടുകളിലും വിപുലമായ പരിശോധനയും ബോധവൽക്കരണവും ക്ലോറിനേഷനും ആരംഭിച്ചു.

 

വണ്ടൂർ – മഞ്ചേരി റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

 

കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്താതെ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്ന് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!