മോട്ടോർ വാഹന നികുതി കുടിശ്ശിക; ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഡിസംബർ രണ്ടിന് മലപ്പുറം ആർ.ടി ഓഫീസിൽ; വൻ ഇളവുകളോടെ അവസരം..!
മോട്ടോർ വാഹന വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മോട്ടോർ വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടക്കും. നാല് വർഷമോ അതിൽ കൂടുതലോ കാലയളവിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ വാഹന ഉടമകൾക്കും ഈ അദാലത്തിൽ പങ്കെടുത്ത് കുടിശ്ശിക തീർപ്പാക്കാവുന്നതാണ്.
നാല് വർഷത്തിൽ കൂടുതൽ എത്ര വർഷത്തെ കുടിശ്ശികയുണ്ടെങ്കിലും, അവസാനത്തെ നാല് വർഷത്തെ (2022 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ) നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള ആകെ തുകയുടെ നിശ്ചിത ശതമാനം മാത്രം അടച്ചാൽ മതിയാകും.
ഇതനുസരിച്ച് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആകെ തുകയുടെ 30 ശതമാനവും, നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം അടച്ച് നികുതി ബാധ്യത പൂർണ്ണമായും ഒഴിവാക്കാം.
നിലവിലെ സ്ഥിതിയോ എവിടെയാണെന്നോ വിവരം ലഭ്യമല്ലാത്ത വാഹനങ്ങൾ, പൊളിച്ചുനീക്കിയതോ മോഷണം പോയതോ ആയ വാഹനങ്ങൾ തുടങ്ങിയവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാൻ സാധിക്കും.
അർഹരായ എല്ലാ വാഹന ഉടമകളും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ.
