NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ആരോഗ്യവകുപ്പിന്റെ രാത്രികാല മിന്നൽ പരിശോധന ;  അനധികൃത ഹെൽത്ത് കാർഡുകൾ പിടിച്ചെടുത്തു

ചെട്ടിപ്പടിയിൽ ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർ രാത്രികാല മിന്നൽ പരിശോധനക്കെത്തിയപ്പോൾ 

പരപ്പനങ്ങാടി: സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ‘ക്ലീൻ ഷോട്ട് 2.0’ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടിയിൽ ആരോഗ്യവകുപ്പ് രാത്രികാല മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിശോധനയിൽ ചെട്ടിപ്പടിയിലെ പ്രമുഖ ഭക്ഷണശാലയുമായി ബന്ധപ്പെട്ട 15 വിവിധ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ഭക്ഷണശാലയിലെ ജീവനക്കാർക്ക് ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെയാണ് ഹെൽത്ത് കാർഡുകൾ നൽകിയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. രണ്ട് ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ പിടിച്ചെടുത്തു. ഹെൽത്ത് കാർഡ് അനുവദിച്ചതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ക്രമക്കേട് തെളിഞ്ഞാൽ മുഴുവൻ ഹെൽത്ത് കാർഡുകളും പിടിച്ചെടുത്ത് തുടർനടപടികൾ സ്വീകരിക്കും. പെരുവള്ളൂർ ഹെൽത്ത് സൂപ്പർവൈസർ കെ.എം. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നെടുവ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ റീന നായർ, പരപ്പനങ്ങാടി എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ റസാഖ്, തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്പെക്ടർ ലൈജു ഇഗ്നേഷ്യസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ, പ്രസീത, ഡ്രൈവർ നിതിൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും, കുടിവെള്ള പരിശോധനാ റിപ്പോർട്ട്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ പിഴയും അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും  വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും  നെടുവ സി.എച്ച്.സി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!