പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു
രണ്ടര വയസ്സുകാരനായ ഇളയ സഹോദരനൊപ്പം പഴം കഴിക്കുകയായിരുന്ന മൂന്നര വയസ്സു കാരൻ പഴം തൊണ്ടയിൽ കുടുങ്ങി മരിച്ചു.
മുളന്തുരുത്തി വേഴപ്പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന വടക്കേക്കരയിൽ അജോയുടെ മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കുട്ടികൾ പഴം കഴിക്കുന്നതിനിടയിൽ അമ്മ നിമിത അവിടെ നിന്നു മാറിയ സമയത്തായിരുന്നു നിമജിന്റെ തൊണ്ടയിൽ പഴം കുടുങ്ങിയത്.
അമ്മ തിരികെ വരുമ്പോൾ ശ്വാസം മുട്ടി ബോധമറ്റു കിടന്ന കുട്ടിയെ സമീപത്തെ വീട്ടിലെ കാറിൽ ഉടൻ മുളന്തുരുത്തി ഗവ. ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായിരുന്നതിനാൽ ശുശ്രൂഷകൾ നൽകി ഒരു നഴ്സിനെയും കൂട്ടി ആംബുലൻസിൽ തൃപ്പൂണിത്തുറയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. സഹോദരൻ: നിരജ്. സംസ്ക്കാരം തിങ്കളാഴ്ച 2-ന് പിറവം വലിയ പള്ളിയിൽ.
