പരപ്പനങ്ങാടിയിൽ മദ്യവേട്ട; 36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്.
എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി അഡീഷണൽ എക്സൈസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പുലർച്ചെ പരിശോധന നടത്തിയത്.
ട്രെയിനിൽ നിന്നിറങ്ങി വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.
മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.
