കുറ്റിപ്പുറത്തെ ബസ് അപകടം: ഒരാൾ മരിച്ചു, 20 ഓളം പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം..!
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ഒരാൾ മരിച്ചു.
കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് (31) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
ദേവസ്വം ബോർഡ് പരീക്ഷ എഴുതാൻ സഹോദരനൊപ്പം പോകുന്നതിനിടെയായിരുന്നു ദുരന്തം.
അപകടത്തിൽ 20 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരൻ ഉൾപ്പെടെയുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിലിടിച്ച ശേഷം മുൻപ് അപകടത്തിൽപ്പെട്ട് കിടന്ന കാറിന് മുകളിലേക്ക് ആണ് ബസ് മറിഞ്ഞത്.
ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. ‘ഡിഫൻഡർ’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയും മഴയിൽ റോഡ് നനഞ്ഞുകിടന്നതുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളും നാട്ടുകാരും പറയുന്നു.
അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്തത്.
പരിക്കേറ്റവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
