തിരൂരങ്ങാടിയിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നടുറോഡിൽ കൂട്ടത്തല്ല്; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ ..!
തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടി. സ്കൂൾ കോമ്പൗണ്ടിന് പുറത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ക്ലാസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ റോഡിലും സമീപത്തെ കടകളിലും കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിൽ ചില കടകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കൂടാതെ, സമീപത്തുള്ള പള്ളി പരിസരത്തേക്ക് അക്രമം പടർന്നത് പ്രാർഥനയ്‌ക്കെത്തിയ വിശ്വാസികൾക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി നാട്ടുകാർ ആരോപിച്ചു.
നാട്ടുകാർ പരാതി നൽകുകയും ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തതോടെയാണ് ജില്ലാ ഭരണകൂടം ശക്തമായ ഇടപെടൽ നടത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും (ഡി.ഡി.ഇ) കലക്ടർ നിർദേശം നൽകി.
സ്ഥിതിഗതികൾ വിലയിരുത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമായി സ്കൂൾ അധികൃതരെയും അധ്യാപകരെയും വിളിച്ച് അടിയന്തര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് സമാനമായ രീതിയിൽ മുമ്പും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിട്ടുള്ളതിനാൽ ഇത്തവണ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
