പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവം : രണ്ട് പ്രതികൾ അറസ്റ്റിൽ
പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിൽ വെച്ചാണ് പോയിന്റ്മാന് വാഴക്കാട് പൂതാടമ്മൽ ഹൗസിൽ അഷ്റഫിന്റെ മകൻ ഷവാഫ് (32) ന് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 09.15 ഓടെയായിരുന്നു സംഭവം.
ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്സിക്യൂട്ടീവ് ട്രെയിനിൽ ജനറൽ ടിക്കറ്റുമായി എ.സി. കമ്പാർട്ട്മെന്റിൽ കയറി യാത്ര ചെയ്യുകയായിരുന്ന മൂന്നുപേരെ ടിക്കറ്റ് എക്സാമിനർ പുറത്താക്കാൻ ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് ടി.ടി.ആറുമായും റെയിൽവേ പോലീസുമായും ട്രെയിനിൽ വച്ച് തർക്കമുണ്ടാവുകയും, യാത്രികർ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന്, പ്രതികളിൽ ഒരാളായ കൽപകഞ്ചേരി വെളക്കിത്തറതൊടി ഹാഫിസ് മുസ്തഫയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളായ തൃശൂർ ചാവക്കാട് കാര്യാടത്ത് ഷഹീർ (29), കൽപകഞ്ചേരി ചോളപ്പറമ്പിൽ നിയാസ് (32) എന്നിവരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടു.
ട്രെയിനിൽ വെച്ചുണ്ടായ സംഘർഷാവസ്ഥ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയായിരുന്നു ജീവനക്കാരനായ ഷവാഫ്. ഇത് കണ്ട പ്രകോപിതരായ ഷഹീർ, നിയാസ് എന്നീ പ്രതികൾ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ഷവാഫിനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പ്ലാറ്റ്‌ഫോമിൽ വെച്ച് നടന്ന ആക്രമണത്തിൽ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടാതെ, ട്രെയിനിൽ വെച്ചുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെയും റെയിൽവേ പോലീസും കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
