NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോലീസ് സ്റ്റേഷനുകളിലെ വാഹനം കൂട്ടിയിടലിന് അന്ത്യം; പിടിച്ചെടുത്ത വാഹനം 6 മാസത്തിനകം ഇറക്കിയില്ലെങ്കിൽ ലേലം ചെയ്യും; പിഴ തുകയിലും ഇളവ്..!

റോഡരികുകളിലും പോലീസ് സ്റ്റേഷൻ വളപ്പുകളിലും പിടിച്ചെടുത്ത വാഹനങ്ങൾ അനന്തമായി കൂട്ടിയിടുന്ന പ്രവണത അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർണായക നിയമഭേദഗതിക്കൊരുങ്ങുന്നു. ഇതിനായി എം.വി.ഡി ടാക്സേഷൻ ഭേദഗതി ബിൽ നടപ്പു നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

നിയമഭേദഗതി വരുത്തുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ നിയമമനുസരിച്ച്, പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് 1000 രൂപ മുതൽ 3000 രൂപ വരെ പിഴയടച്ച് മോചിപ്പിക്കാൻ സാധിക്കും. എന്നാൽ, വാഹനം പിടിച്ചെടുത്ത് ആറു മാസത്തിനകം തുകയടച്ച് തിരികെ ഇറക്കണമെന്നാണ് പ്രധാന നിബന്ധന.

ആറു മാസത്തിനുള്ളിൽ ഉടമകൾ വാഹനം ഇറക്കാതിരിക്കുകയോ കോടതിയിൽ കേസ് ഫയൽ ചെയ്യാതിരിക്കുകയോ ചെയ്താൽ, വാഹനം ലേലം ചെയ്യാനോ സ്ക്രാപ്പിംഗിന് നൽകാനോ മോട്ടോർ വാഹന വകുപ്പിന് പൂർണ്ണ നിയമപരമായ അധികാരം ഉണ്ടായിരിക്കും.

നിലവിലുള്ള നിയമപ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങൾ ‘സൂക്ഷിക്കണം’ എന്ന് മാത്രമാണ് അനുശാസിക്കുന്നത്. ഇതുകാരണം കാലങ്ങളോളം വാഹനങ്ങൾ സ്റ്റേഷൻ മുറ്റത്തും വഴിയോരങ്ങളിലും കിടന്ന് നശിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

ഇനിമുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ റോഡ് വക്കിലോ സ്റ്റേഷൻ വളപ്പിലോ സൂക്ഷിക്കില്ല. പകരം ഇവ സൂക്ഷിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രത്യേക പാർക്കിംഗ് യാർഡുകൾ സ്ഥാപിക്കും.

വാഹനം യാർഡിൽ കിടക്കുന്ന ഓരോ ദിവസത്തിനും കണക്കാക്കി (പരമാവധി ആറുമാസം വരെ) ദിവസാടിസ്ഥാനത്തിൽ പാർക്കിംഗ് ഫീസ് ഈടാക്കും. ഉടമകൾ വാഹനം തിരിച്ചെടുക്കുമ്പോൾ ഈ തുക യാർഡ് അധികൃതർക്ക് നൽകേണ്ടിവരും. ഇതിൽ ലഭിക്കുന്ന തുകയുടെ പകുതി വിഹിതം സർക്കാരിലേക്ക് കണ്ടുകെട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!