ഖത്തറിലെ എൽ.എൻ.ജി കേന്ദ്രത്തിലെ സ്ഫോടനം, മരിച്ച 13 പേരിൽ പന്ത്രണ്ട് പേരും ഇന്ത്യക്കാർ
ദോഹ : ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ പൊട്ടിത്തെറിയിൽ പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് റാസ് ലഫാന്റെയുള്ളിലെ ബർസാൻ ഗ്യാസ് കേന്ദ്രത്തിലായിരുന്നു സംഭവം. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.
സാങ്കേതിക തകരാറാണ് കാരണമെന്ന് ദേശീയ പെട്രോളിയം, പ്രകൃതി വാതക കോർപ്പറേഷനായ ഖത്തർ എനർജിയും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കി. വാതക ചോർച്ചയോ പൊതുജനങ്ങൾക്ക് ഭീഷണിയോ ഇല്ല.
എൽ.എൻ.ജി കയറ്റുമതിയെ ബാധിച്ചിട്ടില്ല. തദ്ദേശീയ ആവശ്യങ്ങൾക്കുള്ള പ്ളാന്റാണ്. മാർച്ചിൽ ഇറാന്റെ ആക്രമണത്തിൽ എൽ.എൻ.ജി കേന്ദ്രങ്ങൾക്കും ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റിനും നാശനഷ്ടം സംഭവിച്ചിരുന്നു.
