NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മണ്ണിടിഞ്ഞുണ്ടായ അപകടം: പാണക്കാട് എടായിപ്പാലത്ത് ഓഗസ്റ്റ് 14 വരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം:  ഏറനാട് താലൂക്കിലെ പാണക്കാട് വില്ലേജില്‍ മണ്‍തിട്ട ഇടിഞ്ഞുവീണ എടായിപ്പാലം മുതല്‍ കാരപ്പറമ്പ് സ്ട്രെയിറ്റ്-പാത്ത് സ്കൂള്‍ ജങ്ക്ഷന്‍ വരെയുള്ള പാതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
ഓഗസ്റ്റ് മൂന്നിന് സ്വകാര്യ ഭൂമിയില്‍ നിന്നും പരപ്പനങ്ങാടി -സ്റ്റേറ്റ് ഹൈവേ റോഡിലേക്ക് മണ്‍തിട്ട വീണ് ഗതാഗത തടസ്സം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നടപടി. പ്രദേശത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ശക്തമായ മഴ തുടരുന്നതിനാല്‍ മുകള്‍ ഭാഗത്തു നിന്നും വെള്ളമൊഴുകി വീണ്ടും മണ്‍തിരിയുന്നതിന് സാധ്യതയുണ്ടെന്ന വിദഗ്ദ്ധസമിതിയുടെ ശുപാർശയെത്തുടർന്നാണ് ഉത്തരവ്.
 ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം റെഡ്, ഓറഞ്ച് അലര്‍ട്ടുകളുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും മറ്റ് ദിവസങ്ങളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 6.00 മണിവരെയാണ് റോഡില്‍ പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഈ നിയന്ത്രണം ഇന്നുമുതല്‍ ഓഗസ്റ്റ് 14 വരെ ബാധകമായിരിക്കും.
നിരോധനം നിലവിലുള്ള സമയങ്ങളില്‍ വാഹനയാത്രക്കാര്‍ അധികാരതൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കൊണോമ്പാറ-കാരപ്പറമ്പ്) വഴിയോ ഒതുക്കുങ്ങൽ-കാരപ്പറമ്പ്/വേങ്ങര വഴിയോ പോകേണ്ടതാണ്.
ഈ പാതയില്‍ ആവശ്യമായ സൂചന ബോർഡുകൾ ഉടൻ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മണ്‍തിരിച്ചിലുണ്ടായ പ്രദേശത്തിന് സമീപം ജനങ്ങൾ കൂട്ടം കൂടുകയോ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!