എം.സി.സി. ചരിത്ര സെമിനാർ ശനിയാഴ്ച പരപ്പനങ്ങാടിയിൽ; പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും
പരപ്പനങ്ങാടി : കേരളത്തിലെ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം.സി.സി. അബ്ദുറഹ്മാൻ മൗലവിയുടെ ജീവിതവും സംഭാവനകളും അടയാളപ്പെടുത്തുന്ന ചരിത്ര സെമിനാർ ഒക്ടോ 10 ശനിയാഴ്ച വൈകിട്ട്നാലിന് പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പരപ്പനങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മദീനത്തുൽ ഉലൂം അറബിക് കോളേജിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നവോത്ഥാന ചരിത്രത്തിൽ പരപ്പനങ്ങാടിയുടെ പങ്ക് പുതിയ തലമുറയ്ക്ക് പകർന്നു നൽകുക, സ്ഥാപനത്തിന്റെ എൺപത് വർഷത്തെ സേവനങ്ങൾ ജനങ്ങളിലെത്തിക്കുക, സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രായോഗിക കർമ്മപദ്ധതികൾ രൂപീകരിക്കുക എന്നിവയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉദ്ഘാടന സമ്മേളനം പ്രമുഖ വ്യവസായിയും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ള മദനി മുഖ്യപ്രഭാഷണം നിർവഹിക്കും. പി.എം.എ. സമീർ എം.എൽ.എ. മുഖ്യാതിഥിയാകും.മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.കെ. ബാവ, നിയാസ് പുളിക്കലകത്ത്, ഡോ. എം.സി.സി. നൗഫൽ ബഷീർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ സുഫയാൻ അബ്ദുസ്സലാം, ഡോ. എ.കെ. അബ്ദുൽ ഹമീദ് മദനി, യു. കുഞ്ഞാലി മദനി, എം.സി.സി. സഫിയ, ഡോ. സി.എം. സാബിർ നവാസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ‘മദനിമാരുടെ സംഗമം’ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് പി. മുഹ്യുദ്ദീൻ മദനി ഉദ്ഘാടനം ചെയ്യും. പി. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഡോ. മുനീർ മദനി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കോളേജിലെ വിവിധ തലമുറകളിലുള്ള പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. വിവിധ സംഘടനാ നേതാക്കളും പണ്ഡിതന്മാരും ചടങ്ങിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി, ഡോ. സി.എം. സാബിർ നവാസ്, പി. അബ്ദുൽ ലത്തീഫ് മദനി, മാനു ഹാജി, മുജീബ് ഒട്ടുമ്മൽ, റഹീബ് തോട്ടത്തിൽ, പി. ഫൈസൽ മാസ്റ്റർ, നൗഷാദ് ചോനാരി, പി.ടി. മശ്ഹൂറലി മദനി തുടങ്ങിയവർ സംബന്ധിച്ചു.
