വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി
പരപ്പനങ്ങാടി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മരുന്നുനൽകി ഗർഭം അലസിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ കടന്നപ്പള്ളി പാനപുഴ കാരകുണ്ട് പൊന്നാൻകുഴി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയെ വിവാഹം കഴിക്കാമെന്നും ആദ്യ വിവാഹത്തിലുള്ള മകളെ നോക്കിക്കോളാമെന്നും വിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, പിന്നീട് മരുന്നുനൽകി ഗർഭം അലസിപ്പിക്കുകയുമായിരുന്നുവെന്നാ ണ് കേസ്.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ബുധനാഴ്ച തന്റെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ ജയപ്രകാശ്, സി.പി.ഒമാരായ അർജുൻ, ജാഫർ എന്നിവരടങ്ങുന്ന സംഘം കണ്ണൂർ കാരകുണ്ടിലെ പ്രതിയുടെ വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി ഇയാളെ തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
