പാലത്തിങ്ങൽ കീരനല്ലൂർ റീജിയണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കും ; ഉന്നതതല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.
പരപ്പനങ്ങാടി : പാലത്തിങ്ങൽ ചീർപ്പിങ്ങൽ പ്രദേശത്ത് നിർമ്മാണം പൂർത്തിയായ കീരനല്ലൂർ റീജിയണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയത്തിന്റെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം (കെ.എസ്.എസ്.ടി.എം) ജോയിന്റ് ഡയറക്ടർ സുന്ദർലാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.
പി.എം.എ സമീർ എം.എൽ.എയുടെ നിർദ്ദേശപ്രകാരം എത്തിയ കെ.എസ്.എസ്.ടി.എം എഞ്ചിനീയറിംഗ് വിഭാഗവും, പി.ഡബ്ല്യു.ഡി ബിൽഡിംഗ്, ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരും പരപ്പനങ്ങാടി നഗരസഭാധ്യക്ഷ പി. സുബൈദയുമായി പദ്ധതി പുരോഗതി ചർച്ച ചെയ്തു. ചുറ്റുമതിൽ, കഫെറ്റീരിയ ഉൾപ്പെടെയുള്ള ഒരു കോടിയുടെ പ്രവൃത്തികൾ പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം മുഖേന ഉടൻ ആരംഭിക്കുമെന്നും, പ്ലാനറ്റോറിയത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുന്നതിന് 12 കോടിയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.
കൂടാതെ ഈ പ്രവൃത്തികൾ ഉൾപ്പെടെ 35 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള വിശദമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കിവരികയാണെന്നും, ആർട്ട് ഗ്യാലറി, സയൻസ് പാർക്ക് സജ്ജമാക്കാൻ വിദഗ്ധ സംഘം വരും ദിവസങ്ങളിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോജക്ട് എത്രയും വേഗം കമ്മീഷൻ ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് നഗരസഭയുടെ സമ്പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് നഗരസഭാധ്യക്ഷ ഉറപ്പുനൽകി.
ചർച്ചയിൽ പരപ്പനങ്ങാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫൈറൂസ തെസ്നി, നൗഷർബാൻ, ഡിവിഷൻ കൗൺസിലർ മുഫീദ തെസ്നി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം മലപ്പുറം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബഷീർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ജിനീഷ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പരപ്പനങ്ങാടി അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രഭാകരൻ, ഓവർസിയർമാരായ സൈലേഷ്, സുരേഷ്, കേരളാ സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ ശാന്തി കൃഷ്ണ,സബ് എഞ്ചിനീയർ സ്വാതി സയന്റിഫിക് ഓഫീസർ നൗഷാദലി, പ്രോജക്ട് സ്റ്റാഫ്, നാസർ മണ്ണിൽ, നഗരസഭ കൗൺസിലർമാരായ സി. പി. അഷ്റഫ്, ടി.പി. നഫീസു, ഫസലുൽ ഫാരിസ പി. പി, ഹസീബ റഹൂഫ്, സറീന പുളിക്കൽ, പരപ്പനങ്ങാടി നഗരസഭ മുൻ ചെയർമാൻ എ ഉസ്മാൻ, അസീസ് കൂളത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
