കൊളപ്പുറത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
തിരൂരങ്ങാടി: ദേശീയപാത എ.ആർ. നഗർ കൊളപ്പുറത്തിനും ചോലക്കലിനുമിടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം.
ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴികാട്ടിൽ കരീമിന്റെ ഭാര്യയുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി മടങ്ങുകയായിരുന്ന മകനും മരുമകളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
യാത്രക്കാർ നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി.
