അർബുദ രോഗികൾക്ക് ആത്മവിശ്വാസമേകി രണ്ടു പെൺകുട്ടികൾ ; മാതൃകയായി കേശദാനം
പരപ്പനങ്ങാടി: ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട അർബുദ രോഗികൾക്ക് സാന്ത്വനവും ആത്മവിശ്വാസവും പകർന്ന് രണ്ടു പെൺകുട്ടികൾ മാനവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി. പരപ്പനങ്ങാടി സേവാഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് പി. അഹല്യയും ഒമ്പത് വയസ്സുകാരി എ.പി. ഷാദിയയും തങ്ങളുടെ മുടി മുറിച്ച് കാൻസർ രോഗികൾക്കായി നൽകിയത്.
കോഴിക്കോട് ഗവ. ആർട്സ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയും ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപം പോത്താഞ്ചേരി ഉമേഷ് – മീരാഭായി ദമ്പതികളുടെ മകളുമായ പി. അഹല്യ തൻ്റെ 45 സെന്റീമീറ്റർ നീളമുള്ള മുടിയാണ് മുറിച്ചു നൽകിയത്.
പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയും അൻഷാദ് – ഹസ്നത്ത് ദമ്പതികളുടെ മകളുമായ ഷാദിയ (9) ആണ് കേശദാനം നടത്തിയ മറ്റൊരു താരം. അർബുദ ചികിത്സയ്ക്കിടെ മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് പുഞ്ചിരിയും ആത്മവിശ്വാസവും തിരികെ നൽകാൻ മുന്നോട്ടു വന്ന ഇരുവരെയും സേവാഭാരതി പരപ്പനങ്ങാടി യൂണിറ്റ് ചടങ്ങിൽ അനുമോദിച്ചു.
സേവാഭാരതി സാന്ത്വന സ്പർശം റിഹാബിലിറ്റേഷൻ തെറാപ്പി സെന്ററിൽ നടന്ന പരിപാടിയിൽ ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദൻകുട്ടി കേശം ഏറ്റുവാങ്ങി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. ബാലകൃഷ്ണൻ, ടി.കെ. വിനോദ് കുമാർ, കെ. മുരളി, യു.വി. ലാലു, സുരേഷ് പുത്തൂർ, പി. ഷീബ, പി. ഷൈനി, പി.സി. സജ്ന, കെ.സി. ഷേർലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശേഖരിച്ച മുടി തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി.
