‘ഓപ്പറേഷൻ സൗന്ദര്യ’യിൽ 10 ലക്ഷത്തിലേറെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; വൃക്കരോഗം ബാധിച്ച 17-കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ കനത്ത മുന്നറിയിപ്പ്…
വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിൽ 10 ലക്ഷത്തിലേറെ രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ.
ആരോഗ്യത്തിന് അതീവ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ ഫേസ് ക്രീമുകൾക്ക് പുറമെ, മാരകമായ മീഥെയ്ൻ ആൽക്കഹോൾ (മെഥനോൾ) അടങ്ങിയ പെർഫ്യൂമുകളും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും കോസ്മെറ്റിക്സ് റൂൾ 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് അന്വേഷണ സംഘം.
നിർമ്മാതാവിന്റെ മേൽവിലാസമോ ലൈസൻസ് വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്താത്ത വ്യാജ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കർശന മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ‘ഓപ്പറേഷൻ സൗന്ദര്യ’ റെയ്ഡുകൾ ശക്തമായി തുടരുമെന്ന് അധികൃതർ.
അതേസമയം, ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര വൃക്കരോഗത്തിന് ഇരയായ അരീക്കോട് സ്വദേശിനിയായ 17-കാരിയുടെ വിശദമായ മൊഴി അരീക്കോട് പൊലീസ് ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിളുകൾ വിദഗ്ധ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.
പരിശോധനാ ഫലത്തിൽ ക്രീമിൽ അമിത അളവിൽ മെർക്കുറിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെതിരെ ക്രിമിനൽ കേസെടുത്ത് മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. ഇതിന് പുറമെ കുടുംബം ഉപഭോക്തൃ കോടതിയിലും പരാതി നൽകും.
സംഭവം വാർത്തയായതിന് പിന്നാലെ സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തുന്നത്. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്.
