റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം; കരിപ്പൂരിൽ രണ്ട് ദിവസങ്ങളിലായി 18 വിമാന സർവീസുകൾ റദ്ദാക്കി; ഗൾഫ് സർവീസുകൾ അവതാളത്തിൽ..!
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കരിപ്പൂർ – സൗദി സെക്ടറിലെ വിമാന സർവീസുകൾ താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്നലെ പത്തും ഇന്നത്തെ എട്ടും ഉൾപ്പെടെ ആകെ 18 വിമാന സർവീസുകളാണ് കൂട്ടത്തോടെ റദ്ദാക്കിയത്.
റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് പ്രധാനമായും നിലച്ചത്. ഇന്നലെ റിയാദിൽ നിന്ന് കരിപ്പൂരിലെത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾ, സൗദിയ എയർലൈൻസ്, ഫ്ലൈനാസ് എന്നിവയുടെ ഓരോ സർവീസുകൾ, ജിദ്ദയിൽ നിന്നെത്തേണ്ട ആകാശ എയറിന്റെ ഒരു സർവീസും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
കൂടാതെ കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള ഫ്ലൈനാസിന്റെ രണ്ട് സർവീസുകൾ, സൗദി എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഓരോ സർവീസുകൾ, ജിദ്ദയിലേക്കുള്ള ആകാശ എയറിന്റെ ഒരു സർവീസും ഇതിൽ പെടും.
ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒന്നും, ഫ്ലൈനാസിന്റെ രണ്ടും റിയാദ്-കോഴിക്കോട് സർവീസുകളും, ആകാശ എയറിന്റെ ജിദ്ദ-കരിപ്പൂർ സർവീസുമാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളുടെയെല്ലാം തിരിച്ചുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
സർവീസുകൾ റദ്ദാക്കിയത് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
