NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെട്രോൾ പമ്പിലെ പണം തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം; എസ്.ഐ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്..!

പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി കിഴിശ്ശേരിക്കടുത്ത് ഒരു പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആഡംബര വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. പത്മരാജ്, എസ്.സി.പി.ഒ. ഷിനോജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയുടെ ആഡംബര വാഹനം പിന്നീട് അരീക്കോട് പുങ്കുടി ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പതിനേഴിലെ പെട്രോൾ പമ്പിലായിരുന്നു തട്ടിപ്പിന് തുടക്കം.

 

ആഡംബര വാഹനത്തിലെത്തിയ യുവാവ് പമ്പിൽ നിന്ന് 22,000 രൂപ പണമായി കൈപ്പറ്റുകയും പകരം ഓൺലൈനായി പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പമ്പ് അധികൃതർക്ക് ഈ പണം പിൻവലിക്കാൻ സാധിക്കാതെ വരികയും അക്കൗണ്ട് ഇടപാട് മരവിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

 

തുടർന്ന് പമ്പ് മാനേജർ നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രതിയുടെ വാഹനം കിഴിശ്ശേരി ടീച്ചർപ്പടി ഭാഗത്ത് വെച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, പൊലീസിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് യുവാവ് അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.

 

ഈ ആക്രമണത്തിലാണ് എസ്.ഐ. പത്മരാജിനും എസ്.സി.പി.ഒ. ഷിനോജിനും പരിക്കേറ്റത്. അരീക്കോട് പുങ്കുടിയിൽ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!