തിരൂരങ്ങാടിയിൽ സംരംഭകർക്ക് ദിശാബോധമേകി എം.എൽ.എ. യുടെ നേതൃത്വത്തിൽ ‘സ്‌കെയിൽ അപ്പ് യുവർ ബിസിനസ്’ സംഗമം
തിരൂരങ്ങാടി : പ്രാദേശിക ബിസിനസുകളെ ആഗോള തലത്തിലേക്ക് ഉയർത്താനും സംരംഭകർക്ക് പ്രൊഫഷണൽ മാനേജ്‌മെന്റ് കാഴ്ചപ്പാടുകൾ പകർന്നുനൽകാനുമായി ‘സ്‌കെയിൽ അപ്പ് യുവർ ബിസിനസ്’ സംഗമം സംഘടിപ്പിച്ചു. തിരൂരങ്ങാടി എം.എൽ.എ. പി. എം. എ. സമീറിന്റെ എം.എൽ.എ. ഡെവലപ്പ്മെന്റ് ഹബ്ബിന്റെ നേതൃത്വത്തിൽ കോഴിച്ചെന ലൈവ് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.
രാവിലെ പത്തിന് ആരംഭിച്ച സംഗമത്തിൽ പി. എം. എ. സമീർ എം.എൽ.എ. ആമുഖ ഭാഷണം നടത്തി. മണ്ഡലത്തിലെ ബിസിനസുകളെ ആധുനിക രീതിയിലേക്ക് മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയും സിസ്റ്റം അധിഷ്ഠിതമായി വളരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് നാല് വിഷയങ്ങളിലായി വിദഗ്ധർ ക്ലാസുകൾ നയിച്ചു:
സ്ഥാപനങ്ങളിലെ ശരിയായ ഭരണസംവിധാനം, നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള വഴികൾ, ഐ.പി.ഒ. വഴി പൊതുവിപണിയിൽ നിന്ന് മൂലധനം സമാഹരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവ ആഷിഖ് സി.എസ്. വിശദീകരിച്ചു.
ബിസിനസ് വളർച്ചയ്ക്ക് ശക്തമായ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ചും പ്രതിസന്ധികളെ മറികടന്ന് ടീമിനെ കാര്യക്ഷമമായി നയിക്കുന്നതിനെക്കുറിച്ചും റിയാസ് ഹക്കീം സംസാരിച്ചു.
വ്യക്തികേന്ദ്രീകൃത ബിസിനസുകളിൽ നിന്ന് സ്ഥാപനങ്ങളെ പ്രൊഫഷണലി മാനേജ്‌ഡ് സിസ്റ്റത്തിലേക്ക് മാറ്റുന്നതിനുള്ള വ്യക്തമായ രൂപരേഖ രഞ്ജിത്ത് ബ്രഹ്മ അവതരിപ്പിച്ചു.
മത്സരവിപണിയിൽ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനെയും ബ്രാൻഡിംഗ്-മാർക്കറ്റിംഗ് തന്ത്രങ്ങളെയും കുറിച്ച് ഐസക് സി.എസ്. ക്ലാസെടുത്തു.
ഓരോ സെഷനു ശേഷവും സംരംഭകരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകിയ ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. തിരൂരങ്ങാടി മണ്ഡലത്തിലെ ബിസിനസ് മേഖലയ്ക്ക് പുതിയ ഊർജ്ജവും ദിശാബോധവും നൽകിയാണ് സംഗമം സമാപിച്ചത്.
