NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യയിൽ സോഷ്യൽമീഡിയക്ക് കടിഞ്ഞാണിട്ട് മെറ്റ; 6 മാസത്തിനിടെ നീക്കിയത് 54.39 ലക്ഷം പോസ്റ്റുകളും അക്കൗണ്ടുകളും

ഇന്ത്യയിൽ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് വൻതോതിൽ വർധിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഇന്ത്യയിൽ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ 54.39 ലക്ഷം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് ‘മെറ്റ’ നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപുള്ള ആറു മാസത്തെ 41,400 നടപടികളുമായി താരതമ്യം ചെയ്യുമ്പോൾ 13,000 ശതമാനത്തിലധികമാണ് വർധന.

സമാനമായി, ഇന്ത്യൻ അധികൃതരിൽ നിന്നും കോടതികളിൽ നിന്നുമായി ഗൂഗിളിന് ലഭിച്ച ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷകൾ 61 ശതമാനം വർധിച്ച് 4,006 ആയി. സെർച്ച്, യൂട്യൂബ് സേവനങ്ങളിലായി 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം ലഭിച്ചത്.

കേന്ദ്ര സർക്കാരിന്റെ ‘സഹയോഗ്’ പോർട്ടൽ വഴിയുള്ള നടപടികൾ വ്യാപകമാക്കിയതും ഓൺലൈൻ ഉള്ളടക്ക നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കിയതുമാണ് ഈ വർധനയ്ക്ക് പിന്നിൽ. മെറ്റയുടെ ആഗോള ഉള്ളടക്ക നിയന്ത്രണങ്ങൾ 2.7 ശതമാനം കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ കുതിച്ചുചാട്ടമുണ്ടായത്.

ഗൂഗിളിന് ലഭിച്ച അപേക്ഷകളിൽ 2,870 എണ്ണവും പൊലീസ് ഏജൻസികളിൽ നിന്നായിരുന്നു. അപകീർത്തിപ്പെടുത്തൽ, കോടതി ഉത്തരവുകൾ, ദേശീയ സുരക്ഷ, സർക്കാരിനെതിരായ വിമർശനങ്ങൾ എന്നിവയാണ് ഉള്ളടക്കം നീക്കം ചെയ്യാൻ പ്രധാനമായും ചൂണ്ടിക്കാട്ടിയ കാരണങ്ങൾ. നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ 92 ശതമാനവും യൂട്യൂബിലേതായിരുന്നു.

2026ലെ ആദ്യ അഞ്ച് മാസത്തിനിടെ സഹയോഗ് പോർട്ടൽ വഴി 2.98 ലക്ഷം യുആർഎല്ലുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!