ഇവിടം ലഹരിയുടെ താവളമാക്കേണ്ട; പരപ്പനങ്ങാടിയിൽ എക്സൈസിൻ്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ച് ‘RELACZ’ ബാഡ്മിന്റൺ കോർട്ട് സമർപ്പിച്ചു
പരപ്പനങ്ങാടി : സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള ‘ഓപ്പറേഷൻ തണ്ടറിന്റെ’ അനുബന്ധമായി മലപ്പുറം ഡിവിഷൻ എക്സൈസ് റേഞ്ച് ഓഫീസ് പരപ്പനങ്ങാടിയുടെയും പരപ്പനങ്ങാടി നഗരസഭയുടെയും നാട്ടുകാരുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ന്യൂക്കട്ട് പ്രദേശത്ത് കാടുപിടിച്ച് കിടന്ന സ്ഥലം വെട്ടിത്തെളിച്ച് ‘RELACZ’ എന്ന പേരിൽ ഒരു ബാഡ്മിന്റൺ കോർട്ടും വിശ്രമസ്ഥലവും നിർമ്മിച്ചു നാടിന് സമർപ്പിച്ചു.
ലഹരി മാഫിയകളുടെ ശല്യം രൂക്ഷമായിരുന്നതും സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുന്നതുമായ ഈ പ്രദേശം, കൊട്ടന്തല ജനകീയ സമിതി, ബി ടീം കൂട്ടായ്മ എന്നിവയുടെയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെയും സജീവ പങ്കാളിത്തത്തോടെയാണ് പൊതുഇടമാക്കി മാറ്റിയത്.
കോർട്ടിന് സമീപം ഇരിക്കാൻ ഇരിപ്പിടങ്ങളും പൂച്ചട്ടികളും സജ്ജീകരിച്ചുകൊണ്ട് നടത്തിയ ചടങ്ങ് പ്രൗഢഗംഭീരമായി.
പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ പി. സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഫീദ തസ്നീന അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ്, എക്സൈസ് ഇൻസ്പെക്ടർ കെ. സമേഷ് എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായി.
