NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

തിരുവനന്തപുരം : വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെ മാറ്റാന്‍ നിബന്ധനകളോടെ അനുമതി നല്‍കി സര്‍ക്കാര്‍. ഗതാഗത കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്‍ജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ക്കാണ് അനുമതി. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു.

1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (ആസി) രേഖപ്പെടുത്തുകയും വേണം. നിറം മാറ്റുന്നത് റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആര്‍സിയില്‍ രേഖപ്പെടുത്തിക്കൊണ്ടു മാത്രമേ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.

കേന്ദ്ര മോട്ടര്‍വാഹന ചട്ടം (സിഎംവിആര്‍) 121 പ്രകാരമോ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട്  അതോറിറ്റിയുടെ തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ട നിറം ഉപയോഗിക്കാന്‍ പാടില്ല.

വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡല്‍, കപ്പാസിറ്റി, പവര്‍ മുതലായവ) എന്‍ജിന്‍ ആര്‍സിയില്‍ രേഖപ്പെടുത്തി മാത്രമേ മാറ്റിവയ്ക്കാന്‍ കഴിയൂ. ഒരേ നിര്‍മാതാവിന്റെ എന്‍ജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല. ഷാസി ഫ്രെയിം മാറ്റവും ബോഡി ഘടനയിലെ മാറ്റവും മുന്‍കൂര്‍ അനുമതിയോടെ ആര്‍സിയില്‍ രേഖപ്പെടുത്തി അനുവദിക്കും. ഒരുതരത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാന്‍ അനുമതിയുണ്ടാകില്ല.

ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സിസ്റ്റം പരിഷ്‌കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മിഷണര്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!