സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം: ഒറ്റദിവസം പനി ബാധിച്ച് ചികിത്സ തേടിയത് 7,740 പേർ; രോഗികളിൽ കൂടുതലും മലപ്പുറത്ത്..!
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്തൊട്ടാകെ 7,740 പേരാണ് വിവിധ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത്.
ഇതിൽ ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്നലെ 1,345 പേർ പനി ബാധിച്ച് ചികിത്സ തേടി.
പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, മഞ്ഞപ്പിത്തം തുടങ്ങിയ മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്. ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനിയും 10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 107 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 24 മഞ്ഞപ്പിത്ത കേസുകളും രണ്ട് ഷിഗല്ല കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം കൂടുതൽ മരണത്തിനിടയാക്കിയ ഇൻഫ്ലുവൻസ നിലവിൽ 39 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പിടിമുറുക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് കുറവുള്ളത് വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.
മഴയും മാറിമറിയുന്ന കാലാവസ്ഥയുമാണ് രോഗവ്യാപനം ശക്തമാകാൻ പ്രധാന കാരണം. പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം മാത്രം പരിശോധനയും ചികിത്സയും തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
