മന്ത്രിസഭയിൽ തർക്കമുണ്ടായി, അഭിമാനത്തോടെ പറയുന്നു; ഇത് പിണറായി വിജയന്റെ ക്യാബിനറ്റല്ല, യുഡിഎഫ് സ്തുതിപാടക സംഘമല്ലെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ എല്ലാ കാര്യങ്ങളിലും ചർച്ചകൾക്കൊടുവിൽ ഏകാഭിപ്രായത്തിലെത്തിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്റെ ക്യാബിനറ്റ് പോലെയല്ല യുഡിഎഫ് മന്ത്രിസഭയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോക്കറ്റിൽ നിന്ന് കടലാസെടുത്ത് നൽകുന്നത് അംഗീകരിക്കുന്ന രീതിയല്ല യുഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും സതീശൻ വ്യക്തമാക്കി. ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് പോലും തന്റെ മുഖത്തുനോക്കി അഭിപ്രായം പറയാറുണ്ട്. മന്ത്രിസഭയിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും എന്നാൽ തീരുമാനമെടുത്താൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനത്തിൽ ഏകാഭിപ്രായമുണ്ടായില്ലെങ്കിൽ വിഷയം മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ മന്ത്രിസഭയിൽ എത്ര തവണ ഇത്തരത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ചോദിച്ച അദ്ദേഹം, പി.എം. ശ്രീ പദ്ധതിയിൽ ഒളിച്ചിരുന്ന് ഒപ്പിട്ടുവന്ന ക്യാബിനറ്റാണ് മുൻ സർക്കാരിന്റേതെന്നും വിമർശിച്ചു. യുഡിഎഫ് മന്ത്രിസഭ സ്തുതിപാടക സംഘമല്ലെന്നും പി.എസ്.സി അംഗങ്ങളുടെ പട്ടികയിൽ തർക്കമുണ്ടായെന്ന ചോദ്യത്തിന് നേരിട്ട് മറുപടി നൽകാതെ വന്ന പേരുകളെല്ലാം ശരിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സർക്കാരിന്റെ ആറുമാസത്തെ നേട്ടങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആദ്യ നൂറുദിവസത്തിനുള്ളിൽ 568 പദ്ധതികൾ പൂർത്തിയാക്കിയെന്നും ജനങ്ങൾക്ക് നൽകിയ രണ്ട് പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്രസർക്കാരിൽനിന്ന് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കാനാണ് ശ്രമമെന്നും അടുത്ത ആറുമാസം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും സതീശൻ പറഞ്ഞു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
