വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിലെ ലിങ്കിൽ കയറി; പരപ്പനങ്ങാടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 44.600/ രൂപ
പരപ്പനങ്ങാടി : വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്നു സൂചിപ്പിച്ച് ഫോണിൽ വന്ന വ്യാജസന്ദേശത്തിലെ ലിങ്കിൽ കയറി പരപ്പനങ്ങാടി സ്വദേശിക്ക് 44.600/ രൂപ നഷ്ടപ്പെട്ടതായി പരാതി. ഉള്ളണം സ്വദേശി മാതൃഭൂമി ഏജന്റ് കെ.പി. നിസാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് രണ്ടുതവണകളായി 44.600/ രൂപ നഷ്ടപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോൺ അപ്ഡേഷൻ നടക്കുന്നതിനിടെ ഏകദേശം അരമണിക്കൂറോളം ഫോൺ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഗൂഗിൾ പേ വഴി പണം അയക്കാൻ വേണ്ടി സ്കാൻ ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകി. എസ്.ബി.ഐ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തു. ഫോൺ പേ വഴിയാണ് പണം പോയതെന്നും, റിസർവ് ഗോൾഡ് പോലുള്ള ഇടപാടുകളിലൂടെയാണ് തുക നഷ്ടപ്പെട്ടതെന്നും നിസാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
