NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അനസ്തേഷ്യ ഡോക്ടർമാരില്ല; കോഴിക്കോട് മെഡി.കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

 

ആവശ്യത്തിന് അനസ്തേഷ്യ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡി.കോളേജിലെ ശസ്ത്രക്രിയാ സംവിധാനം പ്രതിസന്ധിയിൽ. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ശസ്ത്രക്രിയാ തീയതിയും കാത്ത് കഴിയുന്നത്. അനസ്തീഷ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കേണ്ട സ്ഥിതിയിലാണ് അധികൃതർ.

 

21 ഡോക്ടർമാരുടെ തസ്തികയുള്ള അനസ്തേഷ്യ വിഭാഗത്തിൽ ഏഴ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുണ്ടായിരുന്ന 16 സീനിയർ റസിഡന്റുമാരിൽ 12 പേരുടെയും കാലാവധി കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി. ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) നിയമിച്ച നാല് അനസ്തേഷ്യ ഡോക്ടർമാരിൽ മൂന്നുപേരും സേവനകാലാവധി പൂർത്തിയാക്കി മടങ്ങി. ഇതോടെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾക്ക് ആവശ്യമായ അനസ്തേഷ്യ സേവനം ഉറപ്പാക്കുന്നതുതന്നെ വെല്ലുവിളിയായി. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് അനസ്തേഷ്യ ഡോക്ടർമാർക്ക് ഒരേസമയം നിരവധി അത്യാഹിത വിഭാഗങ്ങളിലും ഓപ്പറേഷൻ തിയേറ്ററുകളിലും സേവനം നൽകേണ്ടതായിട്ടുണ്ട്.

 

പി.എം.എസ്.എസ്.വൈ ബ്ലോക്ക്, മാതൃശിശുസംരക്ഷണ കേന്ദ്രം, ഓർത്തോ വിഭാഗത്തിന്റെ പ്രത്യേക അത്യാഹിത വിഭാഗം എന്നിവിടങ്ങളിലും അനസ്തേഷ്യ ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. ഇത്രയധികം ഡോക്ടർമാരുടെ കുറവ് എല്ലാ വിഭാഗങ്ങളിലെയും ശസ്ത്രക്രിയകളെ ബാധിക്കുമെന്നതിനാൽ തിയേറ്റർ ഡ്യൂട്ടി ക്രമീകരിക്കേണ്ടിവരും. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകളുടെ എണ്ണം കുറയ്ക്കുന്നത് കൂടാതെയാണിത്. അത്യാഹിത വിഭാഗത്തിലെ പുതുതായി തുടങ്ങിയ ഓർത്തോ ശസ്ത്രക്രിയ ടേബിളിലെ ശസ്ത്രക്രിയകൾക്കാണ് നിയന്ത്രണം പ്രധാനമായും ഏർപ്പെടുത്തുക. രോഗികൾക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ശസ്ത്രക്രിയാ ടേബിളുകൾ ക്രമപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

 

അതേസമയം എച്ച്ഡിഎസ് അനസ്‌തേഷ്യ ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. യോഗ്യതയുള്ളവർക്ക് പുറത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാലും ആശുപത്രിയിലെ ജോലിഭാരം കൂടുതലാണെന്നുള്ള പ്രചാരണവും കാരണമാണ് പലരും വരാൻ മടിക്കുന്നത്. 12 മണിക്കൂറാണ് ഇവിടത്തെ ഡ്യൂട്ടി സമയം. ആളില്ലെങ്കിൽ ഡബിൾ ഡ്യൂട്ടിയും എടുക്കേണ്ടിവരുന്നു. സ്വകാര്യ ആശുപത്രികളിലും വിദേശത്തും വലിയ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മെഡിക്കൽ കോളേജിലേക്ക് വരാൻ അനസ്തീഷ്യക്കാർ താത്പ്പര്യപ്പെടുന്നില്ല. റിസ്ക്ക് അലവൻസ് കിട്ടാത്തതും പ്രശ്നമാണ്.

 

മഞ്ചേരി, വയനാട് മെഡിക്കൽ കോളേജുകൾ നിലവിലുണ്ടെങ്കിലും അപകടങ്ങളിൽപ്പെടുന്നവരും ഗുരുതര രോഗങ്ങളുള്ളവരുമടക്കം മലബാറിലെ വലിയൊരു വിഭാഗം രോഗികൾ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഓർത്തോ ഒ.പിയിൽ പ്രതിദിനം 350 മുതൽ 400 വരെ രോഗികളും അത്യാഹിത വിഭാഗത്തിൽ 90 മുതൽ 100 വരെ ഓർത്തോ കേസുകളും എത്തുന്നുണ്ട്.ഓർത്തോ വിഭാഗത്തിൽ മാത്രം വലുതും ചെറുതുമായ 20 ശസ്ത്രക്രിയകളും അത്യാഹിത വിഭാഗത്തിൽ 10 ശസ്ത്രക്രിയകളും ഉൾപ്പെടെ പ്രതിദിനം 30 തോളം ശസ്ത്രക്രിയകളാണ് നടക്കുന്നത്. പ്രതിമാസം 700ലേറെ ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നുണ്ട്. വാർഡുകളിലുള്ളവ പെൻഡിംഗായിരിക്കും. അവരെ പറഞ്ഞു വിടുകയേ നിർവാഹമള്ളൂ. ഓപ്പറേഷൻ നടന്നു കിട്ടാൻ ശുപാർശയുമായി എത്തുന്നവരും ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!