ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ്; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ അഞ്ചാം തീയതി ഹൈക്കോടതി പരിഗണിക്കും.
ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന ജയപാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉടൻ മൊഴിയെടുക്കും. കുടുംബത്തിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. അപകടവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.
അതിനിടെ, അപകടത്തിൽ മരിച്ച 17കാരന്റെ പേരുവിവരങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചതിന് സൈബർ പൊലീസ് കേസെടുത്തു. അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരം 18ഓളം പേർക്കെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വ്യക്തിവിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട സംഭവത്തിലാണ് നടപടി.
