പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം: പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണക്കാട് സ്വദേശിനിയും ഐ.ടി.ഐ വിദ്യാർഥിനിയുമായ അനന്ദ, ശ്രീകാര്യം സ്വദേശി ഉമർ, അഭിറാമിന്റെ സുഹൃത്തായ 17കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യഘട്ട അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് അഭിറാമിന്റെ പിതാവ് മധുകുമാർ ആരോപിച്ചു.
അഭിറാമിനെ കൊലപ്പെടുത്തുകയായിരുന്നില്ല പ്രതികളുടെ ആദ്യ ലക്ഷ്യമെന്നാണ് കേസിലെ പ്രധാന പ്രതിയായ 17കാരൻ മൊഴി നൽകിയിരിക്കുന്നത്. മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനായിരുന്നു പദ്ധതിയെന്നും തെളിവെടുപ്പിനിടെ പ്രതി വെളിപ്പെടുത്തി. എന്നാൽ, അഭിറാമുമായി വാക്കുതർക്കമുണ്ടായതോടെ കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് മൊഴി. പ്രതിയെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവത്തിൽ പെൺകുട്ടിക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണെന്നും കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണം, ലഹരിക്കടത്ത്, അടിപിടി കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഭിറാമിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
