മന്ത്രി അറിയാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരായ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം
മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ലൈസൻസ് നടപടികളുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇവർക്ക് മുമ്പും സമാനമായ ഇടപാടുകളിൽ പങ്കുണ്ടായിരുന്നോയെന്നും വിജിലൻസ് പരിശോധിക്കും.
അപേക്ഷ ലഭിച്ച് വെറും 24 മണിക്കൂറിനുള്ളിലാണ് മൂവാറ്റുപുഴയിലെ ബാറിന് ലൈസൻസ് അനുവദിച്ചത്. ജൂൺ 23ന് അപേക്ഷ നൽകിയതിന് പിന്നാലെ ജൂൺ 24ന് തന്നെ അനുമതി ലഭിച്ചു. ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് വിഭാഗം മാറ്റിയാണ് പുതിയ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതല വഹിച്ചിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
വീര്യം കൂടിയ വൈനിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നതിന് പിന്നാലെയാണ് പുതിയ ബാറുകൾക്ക് അനുമതി നൽകിയതിലെ ക്രമക്കേടും പുറത്തുവന്നത്. മന്ത്രിയുടെ അറിവില്ലാതെ തീരുമാനങ്ങൾ എടുക്കാനുള്ള സംവിധാനം ഉദ്യോഗസ്ഥർ ഒരുക്കിയാൽ അത് തിരുത്തുമെന്നും സർക്കാരിന്റെ നയത്തിന് വിരുദ്ധമായ നടപടികൾ അനുവദിക്കില്ലെന്നും എക്സൈസ് മന്ത്രി എം. ലിജു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ നടപടി. ഫോർട്ടി വൈൻ വിവാദത്തിലും ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെ നേരത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. പുതിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനാണ് സർക്കാരിന്റെ നീക്കം.
