സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം; സമസ്ത എ.പി. വിഭാഗം മദ്രസകൾക്ക് നാളെ അവധി; മയ്യിത്ത് നമസ്കാരം നാളെ ഉച്ചയ്ക്ക്..!
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്ന് നാളെ (തിങ്കളാഴ്ച) എ.പി. വിഭാഗം മദ്രസകൾക്ക് അവധിയായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസ്.
സമസ്ത ഉപാധ്യക്ഷനും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) ആണ് ഇന്ന് മരണപ്പെട്ടത്.
കോഴിക്കോട് കൊയിലാണ്ടി മുബാറക് റോഡ് വലിയകത്ത് ബംഗ്ലാവിലാണ് താമസം. അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കൊയിലാണ്ടി മർകസ് ഖൽഫാനിൽ വെച്ച് നടക്കും.
മലപ്പുറം മഅദിൻ അഡ്വൈസറി ബോർഡ് അംഗമായിരുന്ന അദ്ദേഹം 1978 മുതൽ സംഘടനാ രംഗത്ത് സജീവമാണ്. എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅ നൂരിയ്യ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫൈസിസ് പ്രസിഡന്റ് തുടങ്ങിയ പ്രമുഖ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
