ബംഗാളി തൊഴിലാളികളെ തിരികെ വിളിച്ച് പശ്ചിമ ബംഗാൾ; കേരളത്തിന് വരാനിരിക്കുന്നത് കനത്ത പ്രഹരം
കേരളത്തിലെ ഹോട്ടലുകളും നിർമ്മാണ മേഖലകളും ഫാക്ടറികളും വീണ്ടും വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അന്യസംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് ബംഗാളികളെ പൂർണ്ണമായും ആശ്രയിച്ച് മുന്നോട്ട് പോകുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ബംഗാളികളോട് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാനാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്. വെറുമൊരു അഭ്യർത്ഥന മാത്രമല്ല, വമ്പൻ ഓഫറുകളാണ് മടങ്ങിവരുന്നവർക്കായി ബംഗാൾ സർക്കാർ കാത്തുവെച്ചിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് അടിയന്തരമായി തൊഴിൽ കാർഡുകൾ നൽകുമെന്നും 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നുമാണ് സുവേന്ദു അധികാരിയുടെ പ്രധാന വാഗ്ദാനം. തൊഴിലിന് പുറമെ മറ്റ് ആനുകൂല്യങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി ഉറപ്പാക്കുന്നതിനൊപ്പം ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ഹെൽത്ത് ഇൻഷുറൻസ് സ്കീം വഴി ആരോഗ്യ പരിരക്ഷയും നൽകും.
അടച്ചുപൂട്ടി കിടക്കുന്ന 25-ഓളം തേയിലത്തോട്ടങ്ങളിൽ 12 എണ്ണം രണ്ട് മാസത്തിനകം തുറക്കുമെന്നും, പ്രമുഖ ബ്രാൻഡായ അമുൽ ബംഗാളിൽ വലിയൊരു ഐസ്ക്രീം പ്ലാന്റ് ഉടൻ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. നാട്ടിൽ തിരിച്ചെത്തിയാൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ലെന്നും സംസ്ഥാനത്ത് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നുമാണ് അദ്ദേഹം നൽകുന്ന ഉറപ്പ്.
ഈ വാഗ്ദാനങ്ങൾ സ്വീകരിച്ച് തൊഴിലാളികൾ കൂട്ടത്തോടെ വണ്ടി കയറിയാൽ അത് കേരളത്തെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. മുൻപ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയപ്പോൾ കേരളത്തിലെ ഹോട്ടൽ, നിർമ്മാണ മേഖലകൾ അക്ഷരാർത്ഥത്തിൽ നിശ്ചലമായ അവസ്ഥയിലായിരുന്നു. കേരളത്തിൽ ആകെയുള്ള ഒരു ലക്ഷത്തോളം വരുന്ന അംഗീകൃത റസ്റ്റോറന്റുകളിൽ 90 ശതമാനവും പ്രവർത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ്. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ അന്ന് പല ഹോട്ടലുകളും അടച്ചിടേണ്ടി വന്നിരുന്നു.
സമാനമായ ഒരു സാഹചര്യം വീണ്ടും ആവർത്തിക്കപ്പെടുമെന്നതാണ് നിലവിലെ വലിയ ആശങ്ക.
2024ലെ സംസ്ഥാന പ്ലാനിങ് ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഇത് 25 ലക്ഷം എന്ന് പറയുന്നുണ്ടെങ്കിലും അനൗദ്യോഗിക കണക്കുകൾ പ്രകാരം തൊഴിലാളികളുടെ എണ്ണം 40 ലക്ഷത്തിനും മുകളിലാണ്. ഇതിൽ പകുതിയിലധികവും വരുന്നത് ബംഗാളിൽ നിന്നാണ്. തൊഴിൽ മേഖലയിൽ മാത്രമല്ല, കേരളത്തിന്റെ പ്രാദേശിക വിപണിയെ താങ്ങിനിർത്തുന്നതിലും ഇവർക്ക് നിർണായക പങ്കുണ്ട്. പ്രതിവർഷം ഏകദേശം 60,000 കോടി രൂപയാണ് ഇവർ കേരളത്തിൽ നിന്നും സമ്പാദിക്കുന്നത്.
ഇതിൽ 40,000 കോടി രൂപ സ്വന്തം നാടുകളിലേക്ക് അയക്കുമ്പോൾ, ബാക്കി വരുന്ന 20,000 കോടി രൂപ കേരളത്തിലെ പ്രാദേശിക വിപണികളിലാണ് ഇവർ ചെലവഴിക്കുന്നത്. മലയാളി ഷോപ്പിങ്ങിനായി മാളുകളിലേക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്കും മാറിയപ്പോൾ ചെറുകിട കച്ചവടക്കാരുടെ പ്രധാന ആശ്രയം ഈ തൊഴിലാളികളാണ്. ബംഗാൾ സർക്കാരിന്റെ പുതിയ വാഗ്ദാനങ്ങൾ സ്വീകരിച്ച് ‘ഭായിമാർ’ വീണ്ടും കൂട്ടത്തോടെ ട്രെയിൻ കയറിയാൽ അത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടിമുടി സാരമായി ബാധിക്കും.
