വൈദ്യുതി പ്രതിസന്ധി; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ
വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒക്ടോബർ മുതൽ അടുത്ത മെയ് വരെ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. എന്നാൽ നിയന്ത്രണങ്ങളോടെയാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. കെഎസ്ഇബി സമർപ്പിച്ച മുഴുവൻ കരാറുകൾക്കും കമ്മീഷൻ അംഗീകാരം നൽകിയിട്ടില്ല.
ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് സമയത്ത് യൂണിറ്റിന് 12.50 രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി. അതേസമയം, നിലവിലെ വൈദ്യുതി നിയന്ത്രണം ഈ മാസവും തുടരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം പറയുന്നത്.
കേരളത്തിൽ പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്നും രാജമാണിക്യം പറഞ്ഞു. മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങുന്നതുപോലെ വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആവശ്യമാണ്.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത വർധിക്കാൻ എയർ കണ്ടീഷണറുകളുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും കാരണമാകുന്നതായും രാജമാണിക്യം പറഞ്ഞു. വൈകിട്ട് ആറുമുതൽ രാത്രി 12 വരെ എസി ഉപയോഗം ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ അഭ്യർഥിച്ചു.
