സംസ്ഥാനത്ത് 17.65 ലക്ഷം പേർ റേഷൻ വാങ്ങുന്നില്ല: തുടർച്ചയായി ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും; ഭക്ഷ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം..!
തുടർച്ചയായി ആറുമാസം റേഷൻ കടകളിൽ നിന്ന് ധാന്യങ്ങൾ കൈപ്പറ്റാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിൽ പ്രതിമാസം ശരാശരി 17.65 ലക്ഷം പേർ റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഇത്തരം ‘സൈലന്റ് കാർഡ്’ ഉടമകളെ കണ്ടെത്താനുള്ള നടപടികൾ സംസ്ഥാനത്ത് വൈകാതെ ശക്തമാക്കും. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടി മാത്രം റേഷൻ കാർഡ് കൈവശം വയ്ക്കുകയും, എന്നാൽ റേഷൻ ധാന്യങ്ങൾ വാങ്ങാതിരിക്കുകയും ചെയ്യുന്ന വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കുന്നതോടെ, ഒക്ടോബർ 1 മുതൽ ഇവർക്ക് ലഭിക്കേണ്ട സൗജന്യ അല്ലെങ്കിൽ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം തടസ്സപ്പെടും.
അതേസമയം, ഇവരുടെ കാർഡുകൾ പൂർണ്ണമായും റദ്ദാക്കില്ലെന്നും താത്കാലികമായി നിർജീവമാക്കുക മാത്രമാണ് ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, കാർഡ് ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ അടിയന്തരമായി ഇ-കെ.വൈ.സി പൂർത്തിയാക്കേണ്ടതുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-കെ.വൈ.സി അപ്‌ഡേഷൻ നടത്തിയില്ലെങ്കിൽ കാർഡുകൾ പൂർണ്ണമായി റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.
നിലവിൽ കേരളത്തിൽ മുൻഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് പൂർത്തിയായിട്ടുണ്ട്. കാർഡിൽ അപ്‌ഡേഷനുകൾ ബാക്കിയുള്ളവർ ഉടൻ തന്നെ റേഷൻ കടകൾ വഴി നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ്.
