NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെട്ടിപ്പടി നെടുവ സി.എച്ച്.സിയുടെ ശോചനീയാവസ്ഥ :  ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്നും രോഗികൾക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നും തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മെഡിക്കൽ ഓഫീസർ, നഗരസഭാധ്യക്ഷ, ഉപാധ്യക്ഷൻ എന്നിവരുമായി യൂത്ത് ലീഗ് ഭാരവാഹികളും കൗൺസിലർമാരും ചർച്ചകൾ നടത്തി. പുതിയ കെട്ടിട നിർമ്മാണത്തിനായി എൻ.എച്ച്.എം മുഖേന മൂന്ന് കോടിയിലധികം രൂപയുടെ പ്രൊപ്പോസൽ രണ്ട് ദിവസത്തിനകം സമർപ്പിച്ചാൽ നബാർഡ് ഫണ്ട് ലഭ്യമാക്കുമെന്ന് എൻ.എച്ച്.എം ചുമതലയുള്ള ഡോ. അനൂപ് അറിയിച്ചു. തുടർന്ന്, അഞ്ചര കോടിയുടെ നിലവിലെ പദ്ധതി കൂടുതൽ വിപുലീകരിച്ച് പുതുക്കിയ റിപ്പോർട്ട് അന്ന് തന്നെ ജില്ലാ പ്രോഗ്രാം ഓഫീസർക്ക് കൈമാറുമെന്ന്  നഗരസഭാധ്യക്ഷ പി.സുബൈദ,  ഉപാധ്യക്ഷൻ ഷമീം നഹ എന്നിവർ ഉറപ്പുനൽകി.
കൂടാതെ, ഡോക്ടർമാരുടെ പെരുമാറ്റദൂഷ്യം, മാസ്‌കില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കൽ, ആശുപത്രിയിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കാൻ അനുവദിക്കാത്തത് തുടങ്ങിയ വിവിധ പരാതികളും യൂത്ത് ലീഗ് ഉന്നയിച്ചു. ഈ വിഷയങ്ങളിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും, ആർക്കും ചികിത്സ നിഷേധിക്കില്ലെന്നും മെഡിക്കൽ ഓഫീസർ ഉറപ്പുനൽകി.
മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ്, സെക്രട്ടറി വി.എ. കബീർ, മുൻസിപ്പൽ ജനറൽ സെക്രട്ടറി എ. മുഹമ്മദ് ബിഷർ, ട്രഷറർ കെ. ജംഷീർ, വിവിധ നഗരസഭ കൗൺസിലർമാർ, എന്നിവരടങ്ങുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!