മൺസൂണിൽ മഴ മാറിനിന്നു, ഈർപ്പം ഉയർന്നു: മഴയിൽ 23 ശതമാനത്തിന്റെ വൻ കുറവ്: ജില്ലയിൽ കടുത്ത ചൂടും അസ്വസ്ഥതയും
സംസ്ഥാനത്തുടനീളം താപനില ഉയരുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം ജില്ലയിലും അന്തരീക്ഷ ചൂട് കടുക്കുന്നു. മൺസൂൺ സമയത്ത് മഴ മാറിനിൽക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിച്ചതോടെ യഥാർത്ഥ താപനിലയേക്കാൾ കഠിനമായ ചൂടാണ് ജില്ലയിലുടനീളം അനുഭവപ്പെടുന്നത്. ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും, ഉയർന്ന ഈർപ്പം കാരണമാണ് ശരീരത്തിന് ഇതിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാകുമ്പോൾ ശരീരത്തിലെ വിയർപ്പ് വേഗത്തിൽ വറ്റിപ്പോകാതിരിക്കുകയും, ഇത് ശരീരം തണുക്കാതെ കഠിനമായ അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
കാലവർഷത്തിലുണ്ടായ വലിയ കുറവാണ് ജില്ലയിൽ ചൂട് ഉയരാൻ പ്രധാന കാരണം. ജൂൺ മുതൽ ഇതുവരെ ലഭിക്കേണ്ടിയിരുന്ന 1774.4 മില്ലീമീറ്റർ മഴയ്ക്ക് പകരം 1370.7 മില്ലീമീറ്റർ മഴ മാത്രമാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 23 ശതമാനത്തിന്റെ കുറവാണ് മഴ ലഭ്യതയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ചൂട് കനക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
