എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫിനും സർക്കാർ വക ഐപാഡ്; 480 ഉപകരണങ്ങൾ വാങ്ങാൻ 6.71 കോടി രൂപയുടെ ടെൻഡർ
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും വിതരണം ചെയ്യുന്നതിനായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചു. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
256 ജിബി സ്റ്റോറേജുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 എണ്ണവും 11 ഇഞ്ച് ഐപാഡിന്റെ 160 എണ്ണവുമാണ് വാങ്ങുന്നത്.
ഇതിനായി 6.71 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു.
ഒരു ഉപകരണത്തിന് പരമാവധി അനുവദിച്ചിരുന്ന 1.5 ലക്ഷം രൂപയുടെ പരിധി രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി ഉയർത്തിയതിന് പിന്നാലെയാണ് ഐപാഡുകൾ വാങ്ങാനുള്ള പുതിയ നീക്കം.
