NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘100% ഗോതമ്പ് ബ്രെഡ്’ എന്ന് വ്യാജ അവകാശവാദം; സൺറൈസ് ഫുഡ്‌സിന് ഒരു ലക്ഷം രൂപ പിഴയിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

‘100% ഹോൾ വീറ്റ് ബ്രെഡ്’ എന്ന അവകാശവാദത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൺറൈസ് ഫുഡ്‌സിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). കമ്പനിയുടെ എവരിഡേ (Everyday) ബ്രെഡിൽ 64 ശതമാനം മാത്രമാണ് ഗോതമ്പ് പൊടിയുള്ളതെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഉൽപ്പന്നം ‘100% ഗോതമ്പ് ബ്രെഡ്’ എന്ന പേരിൽ വിപണനം ചെയ്തത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അതോറിറ്റി, പരസ്യം ഉടൻ പിൻവലിക്കാനും നിർദേശിച്ചു. ഒക്ടോബർ 28നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

 

ബ്രെഡിന്റെ പാക്കറ്റിൽ ഗോതമ്പ് പൊടിയുടെ അളവ് 64 ശതമാനമാണെന്ന് വ്യക്തമാക്കിയിരിക്കെയാണ് ‘100% ഹോൾ വീറ്റ്’ എന്ന അവകാശവാദം ഉന്നയിച്ചതെന്ന് അതോറിറ്റി നിരീക്ഷിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) ചട്ടങ്ങൾ പ്രകാരം ‘ഹോൾ വീറ്റ് ബ്രെഡ്’ എന്ന പേരിൽ ഉൽപ്പന്നം വിപണനം ചെയ്യണമെങ്കിൽ ഉപയോഗിക്കുന്ന പൊടിയുടെ അടിസ്ഥാനത്തിൽ കുറഞ്ഞത് 75 ശതമാനം ഗോതമ്പ് പൊടി ഉണ്ടായിരിക്കണം. ഈ മാനദണ്ഡം പാലിക്കാത്തതിനാൽ ഉൽപ്പന്നത്തിന്റെ പേരും പരസ്യത്തിലെ അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് CCPA വിലയിരുത്തി.

 

ഗോതമ്പ് പൊടിയിൽ മൈദയ്ക്ക് പകരം മുഴുവൻ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചതെന്ന് സൂചിപ്പിക്കാനാണ് ‘100%’ എന്ന വാക്ക് പ്രയോഗിച്ചതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പൊടി വിഭാഗത്തിൽ ഉപയോഗിച്ച ചേരുവകളിൽ 96.3 ശതമാനവും മുഴുവൻ ഗോതമ്പ് പൊടിയാണെന്നും കമ്പനി വാദിച്ചു. എന്നാൽ അന്തിമ ഉൽപ്പന്നത്തിന്റെ ആകെ ഭാരത്തിൽ ഗോതമ്പ് പൊടിയുടെ അളവ് 64 ശതമാനം മാത്രമാണെന്ന വസ്തുത പരിഗണിച്ച അതോറിറ്റി, കമ്പനിയുടെ വാദം അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!