പരപ്പനങ്ങാടിയിൽ ക്ഷേത്രങ്ങളിൽ കവർച്ച : അയ്യപ്പൻകാവിലും നെടുവ ഗണപതിക്ഷേത്രത്തിൽ നിന്നും പണവും സ്വർണവും കവർന്നു
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നത് നാട്ടുകാരിലും ഭക്തജനങ്ങളിലും വലിയ ആശങ്ക പടർത്തുന്നു. നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിലും ചെട്ടിപ്പടി നെടുവ പുത്തൻതെരു മഹാഗണപതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമതാണ് കവർച്ച നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി അകത്തുകടന്ന മോഷ്ടാവ് നടപന്തലിലേയും ചുറ്റമ്പലത്തിനുള്ളിലേയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച തിടപ്പള്ളിയുടെയും അഗ്രശാലയുടെയും വാതിലുകൾ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
അകത്തുണ്ടായിരുന്ന അലമാരകളും മറ്റ് സാമഗ്രികളും കുത്തിത്തുറന്ന നിലയിലാണ്. മോഷണവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയതായി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. ചെട്ടിപ്പടി നെടുവ പുത്തൻതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും വെള്ളിയും കവർന്നു.
ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണ പരമ്പരകൾ പ്രദേശത്ത് വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്.
രണ്ട് സംഭവങ്ങളിലും പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
