സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ് സർവീസ്’ ആരംഭിച്ച് കെഎസ്ആർടിസി; ലക്ഷ്യം സുരക്ഷിതമായ രാത്രികാല യാത്ര
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. പ്രാരംഭഘട്ടമായി തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
വൈകുന്നേരമായിരിക്കും പ്രധാനമായും പിങ്ക് ബസ് സർവീസ് നടത്തുക. ഒമ്പത് മണിക്ക് ശേഷം സ്ത്രീ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കാനും ഭാവിയിൽ ഇലക്ട്രിക് ബസുകൾ പിങ്ക് ബസായി ഓടിക്കാനുമാണ് കെഎസ്ആർടിസിയുടെ പദ്ധതി. കെഎസ്ആർടിസിയിൽ അടുത്തിടെ എത്തിയ ലിങ്ക് ബസുകളിൽ ഒന്നാണ് പിങ്ക് ബസിന് സർവീസ് നടത്തുന്നതിനായി നിലവിൽ അനുവദിച്ചിരിക്കുന്നത്.
മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ പിങ്ക് ബസ് സംവിധാനം നടപ്പാക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ബസിൽ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
