സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; വിടവാങ്ങിയത് സമുന്നത പണ്ഡിതശ്രേഷ്ഠൻ..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കാസർകോട് ഉൾപ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിൻസിപ്പലുമായിരുന്നു.
2016-ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്നാണ് അദ്ദേഹം സമസ്തയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. 1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം.
പിതാമഹന്റെ ഓത്തുപുരയിലും തിരൂർക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഇരുമ്പുഴി, പുത്തനങ്ങാടി, അരിപ്ര, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ ദർസ് പഠനത്തിനു ശേഷം 1964-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ചേർന്നു. 1968-ൽ ഫൈസി ബിരുദം നേടി.
പതിനാറാം വയസ്സിൽ തിരൂർക്കാട് മഹല്ല് ഖത്തീബായും ഇരുപതാം വയസ്സിൽ ഖാസിയായും സേവനമനുഷ്ഠിച്ച് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ചു. മീനാർകുഴി, ചെമ്മങ്കടവ് ദർസുകളിലെ സേവനത്തിന് ശേഷം 1979-ൽ ജാമിഅ നൂരിയയിൽ അധ്യാപകനായി ചേർന്നു. 2003 മുതൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി തുടരുകയായിരുന്നു.
2013 മുതൽ കാസർകോട് ജില്ലാ ഖാസിയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, മത നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
