കെട്ടിട നിർമാണ ഫീസ് അധികമായി അടച്ചവർക്ക് ആശ്വാസം; റീഫണ്ടിനുള്ള അപേക്ഷാ തീയതി ഡിസംബർ 31 വരെ നീട്ടി; അപേക്ഷിക്കേണ്ടത് ഇങ്ങനെ..!
കെട്ടിട നിർമാണത്തിന് അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അധികമായി അടച്ചവർക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള റീഫണ്ട് അപേക്ഷാ സമയപരിധി തദ്ദേശ സ്വയംഭരണ വകുപ്പ് ഡിസംബർ 31 വരെ നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരി 15ലെ സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ വീണ്ടും അവസരം നൽകിയിരിക്കുന്നത്.
ഇനി മറ്റൊരു അവസരം ഉണ്ടാകില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഈടാക്കിയിരുന്ന അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയുടെ നിരക്കുകൾ 2023 ഏപ്രിൽ 10 മുതൽ വർധിപ്പിച്ചിരുന്നു. പിന്നീട് 2024 ജൂലൈ 30ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, 2024 ഓഗസ്റ്റ് ഒന്നുമുതൽ 40 ശതമാനം മുതൽ 60 ശതമാനം വരെ ഫീസ് കുറച്ച് പുതിയ നിരക്കുകൾ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി പഴയ ഉയർന്ന നിരക്കിൽ തുക അടച്ച അർഹരായ വ്യക്തികൾക്കാണ് അധിക തുക തിരികെ നൽകുന്നത്.
ഫീസ് അടച്ച സമയത്തെ രസീതിലെ തുകയും പുതുക്കിയ നിരക്കുപ്രകാരമുള്ള ഫീസും പരിശോധിച്ച് റീഫണ്ടിന് അർഹതയുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. കെ-സ്മാർട്ട് പോർട്ടൽ വഴിയാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
ഡിസംബർ 31ന് ശേഷം യാതൊരു കാരണവശാലും വീണ്ടും അവസരം ലഭിക്കില്ലെന്നതിനാൽ അർഹരായവർ സമയപരിധിക്കകം തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
