പരപ്പനങ്ങാടി സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു
പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അബൂഹദ്‌രിയ്യ റോഡിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും തിരൂർ തലക്കടത്തൂരിൽ താമസക്കാരനായ മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 1:15-ഓടെ ദമാമിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അബ്ദുന്നാസർ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ജുബൈൽ ട്രാഫിക് പോലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി നേതാക്കളായ സലാം പഞ്ചാര, നൗഷാദ്, പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ എന്നിവർ അറിയിച്ചു.
പിതാവ്: ബാവ, മാതാവ്: ആയിഷ കുളങ്ങരകത്ത്, ഭാര്യമാർ: താഹിറ, പരേതയായ സുലൈഖ.
