നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു; മുതിർന്നവർക്ക് 80 രൂപ; ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും പ്രത്യേക ഇളവുകൾ..!
വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പ്രവേശന ഫീസും മറ്റ് നിരക്കുകളും വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 80 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ അഞ്ചു മുതൽ 11 വരെയുള്ള കുട്ടികൾക്കും വിദ്യാർഥികൾക്കും 20 രൂപ വീതം നൽകണം.
അതേസമയം, ഭിന്നശേഷിക്കാർ, വീൽചെയർ ഉപയോഗിക്കുന്നവർ, ഔദ്യോഗിക ആവശ്യങ്ങൾക്ക് എത്തുന്നവർ എന്നിവർക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. മ്യൂസിയത്തിനുള്ളിൽ ക്യാമറ ഉപയോഗിക്കുന്നതിനുള്ള നിരക്കുകളും പുതുക്കിയിട്ടുണ്ട്. സ്റ്റിൽ കാമറ ഉപയോഗിക്കുന്നതിന് 50 രൂപയും വീഡിയോ കാമറയ്ക്ക് 500 രൂപയും ഈടാക്കും. ഡോക്യുമെന്ററി ഷൂട്ടിങിനായി എത്തുന്നവർ 1000 രൂപ വീതം നൽകണം.
വാഹന പാർക്കിങ് ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 20 രൂപയും നാലുചക്ര വാഹനങ്ങൾക്ക് 30 രൂപയും ഭാരവാഹനങ്ങൾക്ക് 150 രൂപ വീതവുമാണ് പുതിയ പാർക്കിങ് ഫീസ്. ഇതിനുപുറമെ ഭക്ഷണമുറി ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് ആൾ ഒന്നിന് അഞ്ചു രൂപയും മുതിർന്നവർക്ക് 10 രൂപയും നൽകേണ്ടതാണ്. ഭിന്നശേഷിക്കാർക്ക് ഭക്ഷണമുറിയുടെ ഉപയോഗവും സൗജന്യമായിരിക്കും.
