ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം; സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക്..!
ഓട്ടോ-ടാക്സി നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തൊഴിലാളികൾ ഒറ്റദിന പണിമുടക്കിന് ആഹ്വാനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് നവംബർ 12-ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
11-ാം തീയതി രാത്രി 12 മണി മുതൽ 12-ാം തീയതി രാത്രി 12 മണിവരെയാണ് പണിമുടക്ക് നടക്കുക. ട്രാൻസ്പോർട്ട് കമ്മീഷണർ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാ യൂണിയനുകളും ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളുടെ നിർദ്ദേശങ്ങൾ കമ്മീഷണർക്ക് രേഖാമൂലം നൽകുകയും ചെയ്തിരുന്നു.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നടപടിയോ തീരുമാനമോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുന്നത്. പണിമുടക്ക് ദിനത്തിൽ യാത്രാസൗകര്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
