ഉച്ചഭക്ഷണത്തിന് സ്വന്തമായി വെളിച്ചെണ്ണയാട്ടി പരപ്പനങ്ങാടി എസ്.എൻ.എം. സ്കൂളിലെ വിദ്യാർത്ഥികൾ
പരപ്പനങ്ങാടി: വിപണിയിലെ മായത്തോടു പോരാടാൻ വിദ്യാലയമുറ്റത്തുനിന്ന് പുതിയ മാതൃക. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് മായംചേർക്കാത്ത ശുദ്ധമായ വെളിച്ചെണ്ണ സ്വന്തമായി തയാറാക്കി ശ്രദ്ധേയരാകുകയാണ് പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തവും മാതൃകാപരവുമായ സംരംഭം പൂർത്തിയാക്കിയത്. രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ശേഖരിച്ച നാളികേരം ഉണക്കി കൊപ്രയാക്കി ആട്ടിയെടുത്താണ് രാസവസ്തുക്കളില്ലാത്ത നാടൻ വെളിച്ചെണ്ണയാക്കിയത്. ഇങ്ങനെ നിർമ്മിച്ച വെളിച്ചെണ്ണ സ്കൂൾ പാചകപ്പുരയിലേക്ക് കൈമാറി.
പഠനത്തോടൊപ്പം പ്രായോഗികമായ പാരിസ്ഥിതിക പാഠങ്ങളും അധ്വാന സംസ്കാരവും കുട്ടികളിൽ വളർത്താൻ ഈ പദ്ധതിക്ക് സാധിച്ചതായി അധ്യാപകർ പറഞ്ഞു. വിപണിയിൽ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പെരുകുന്ന കാലഘട്ടത്തിൽ, സ്വന്തം വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് വിഷരഹിതമായ വെളിച്ചെണ്ണ ഉറപ്പാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ഊട്ടിയുറപ്പിക്കാനും ഉച്ചഭക്ഷണ പദ്ധതിയിലെ ചെലവു ചുരുക്കി ഗുണനിലവാരം ഉയർത്താനും ഈ പ്രവർത്തിയിലൂടെ സാധിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ഇ. ഒ. ഫൈസൽ നിർവ്വഹിച്ചു. ഇക്കോ ക്ലബ് കൺവീനറും പ്രോഗ്രാം കോർഡിനേറ്ററുമായ ശാസ്ത്രാധ്യാപകൻ സ്വഫ്‌വാൻ കാനാഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൂൺ മീൽ കൺവീനർ അശ്വിൻ സംസാരിച്ചു.
