കടൽക്ഷോഭത്തിൽ ബോട്ട് തകർന്നു; മത്സ്യത്തൊഴിലാളിക്ക് ഇൻഷുറൻസ് തുക നിഷേധിച്ചു; ഇൻഷുറൻസ് കമ്പനിക്ക് കനത്ത പിഴ; 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്..!
ഇൻഷുറൻസ് ക്ലെയിം മതിയായ കാരണമില്ലാതെ നിഷേധിച്ച യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000 രൂപ നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. 2023 നവംബർ എട്ടിനുണ്ടായ കടുത്ത കടൽക്ഷോഭത്തെ തുടർന്ന് കടലിൽ വെച്ച് ഹർജിക്കാരന്റെ ബോട്ട് മുങ്ങി പൂർണ്ണമായി തകർന്നിരുന്നു.
മൂന്ന് ലക്ഷം രൂപയ്ക്ക് ബോട്ട് ഇൻഷുർ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം പൂർണ്ണമായി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മത്സ്യത്തൊഴിലാളി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.
ഹർജി വിശദമായി പരിഗണിച്ച കമ്മീഷൻ, കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സേവന വീഴ്ചയുണ്ടായതായും മതിയായ കാരണങ്ങളില്ലാതെയാണ് ഇൻഷുറൻസ് തുക തള്ളിയതെന്നും കണ്ടെത്തുകയായിരുന്നു.
ഉത്തരവ് പ്രകാരം ബോട്ട് ഇൻഷുർ ചെയ്തിരുന്ന തുകയായ 3,00,000 രൂപയും, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവിലേക്ക് 5,000 രൂപയും ഉൾപ്പെടെ ഇൻഷുറൻസ് കമ്പനി പരാതിക്കാരന് നൽകണം.
വിധി വന്ന് 45 ദിവസത്തിനകം ഈ തുക കൈമാറിയില്ലെങ്കിൽ, ഒൻപതു ശതമാനം (9%) പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ.
