NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 17 ന് തുടക്കം

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി (ഖ.സി) തങ്ങളുടെ 188-ാം ആണ്ടു നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 17 ന് ബുധനാഴ്ച മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഖാമിന്റെ നടത്തിപ്പ് ചെമ്മാട് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 28-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.

ജൂണ്‍ 17 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. അന്ന് രാത്രി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സാരഥ്യമേകും.

ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നിര്‍വഹിക്കും. 18 ന് വ്യാഴാഴ്ച രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മമ്പുറം മഹല്ല് ഇഹ്്‌സാസുല്‍ ഇസ്്‌ലാം സംഘം പ്രസിഡന്റ് കെ.എം അബ്ദു ഹാജി, സെക്രട്ടറി എ.കെ മൊയ്തീന്‍ കുട്ടി, ട്രഷറര്‍ എം. ഇബ്രാഹീം ഹാജി എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ജൂണ്‍ 19,20,21,22 വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. 19 ന് വെള്ളിയാഴ്ച പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 20 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണവും നിര്‍വഹിക്കും. 21 ന് ഞായറാഴ്ച പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂര്‍ പ്രസംഗിക്കും. അവസാന ദിവസമായ 22ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സൈനുല്‍ ആബിദ് ഹുദവി ചേകന്നൂര്‍ പ്രഭാഷണം നടത്തും.

ജൂണ്‍ 20 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ‘മലബാറിന്റെ ജാതിവിരുദ്ധ മുേറ്റങ്ങളും മമ്പുറം തങ്ങന്‍മാരും’ എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാറിലെ ഒന്നാം സെഷന്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സാഹിബ് ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് രണ്ട് മണിക്ക് ശേഷം നേര്‍വഴിയുടെ നാള്‍വഴി എന്ന സന്ദേശവുമായി എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘മമ്പുറം തങ്ങള്‍: ആത്മീയത, പോരാട്ടം’ എന്ന വിഷയത്തില്‍ നടക്കുന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ് ഡോ. എം.പി അബ്ദു സ്വമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.

23 ന് ചൊവ്വാഴ്ച രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ള് കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നിര്‍വഹിക്കും. പ്രാര്‍ഥനാ സദസ്സിന് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് സാരഥ്യം വഹിക്കും.

സമാപന ദിവസമായ 24 ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനമാണ്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടകന്‍. സയ്യിദ് അബ്ദുറഹ്്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനും ബഹു. വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് വിശിഷ്ടാതിഥിയുമാകും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് 01.30 നടക്കുന്ന സമാപന – ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാകും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ സാരഥ്യം വഹിക്കും.

നേര്‍ച്ചയുടെ എല്ലാ ദിവസങ്ങളിലും ളുഹ്‌റ് നിസ്‌കാരാനന്തരം മഖാമില്‍ വെച്ച് മൗലിദ് പാരായണവും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ആത്മീയ സംഗമവും നടത്തപ്പെടും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, മുഹമ്മദ് കബീര്‍ ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia