ഒടുവിൽ സമാധാനത്തിലേക്ക്? ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ്, തിരിച്ചടി നിര്‍ത്തിയെന്ന് ഇറാന്‍
ഇറാൻ യുഎസ് യുദ്ധം അവസാനത്തിലേക്കെന്ന് സൂചന. ഇന്നലെയും ഇറാന് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായില്ല. അമേരിക്ക ആക്രമണം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തങ്ങളും അവസാനിപ്പിക്കുന്നതായി ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു.
ജൂണ്‍ 17ന് പ്രാബല്യത്തില്‍ വന്ന സമാധാന കരാര്‍ ലംഘിച്ചായിരുന്നു തുടര്‍ച്ചയായ 13 ദിവസം ഇറാന് നേരെ അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. അതേസമയം സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നു തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി.
യുഎസിന്റെ കൈവശം ആവശ്യത്തിലധികം ആയുധ ശേഖരമുണ്ടെന്ന് അദ്ദേഹം ആഭ്യന്തര മാധ്യമങ്ങളോട് പറഞ്ഞു. സമാധാന കരാര്‍ ലംഘിക്കപ്പെട്ട പശ്ചാത്തലത്തില്‍, മധ്യസ്ഥര്‍ വഴി തെഹ്റാനും വാഷിംഗ്ടണും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞു
