ചൂട് താങ്ങാനാവാതെ കോഴികൾ ചത്തൊടുങ്ങുന്നു; ഫാനുകളും തണുത്ത വെള്ളവും ഒരുക്കിയിട്ടും രക്ഷയില്ല; ഫാം ഉടമകൾ പ്രതിസന്ധിയിൽ..!
പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന അതികഠിനമായ ചൂട് കോഴി കർഷകരെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുന്നു. ഫാമുകളിൽ അസഹ്യമായ ചൂട് കാരണം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് ഉടമകൾക്ക് വലിയ തിരിച്ചടിയാവുന്നത്.
നിലവിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉയർന്ന താപനില കോഴികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് കർഷകർ.
ചൂട് ലഘൂകരിക്കുന്നതിനായി ഫാമുകളിൽ ഫാനുകൾ നിർമ്മിച്ചും, മേൽക്കൂരയിൽ തെങ്ങോലയും പുല്ലുകളും വിരിച്ചും വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കർഷകർ നടത്തുന്നത്. കൂടാതെ തണുത്ത വെള്ളം ലഭ്യമാക്കിയും ചൂടകറ്റാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചും കോഴികളെ സംരക്ഷിക്കാൻ ഫാം ഉടമകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
എന്നാൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിനായി വരുന്ന അധിക ചിലവ് ഉൽപ്പാദന ചിലവ് വലിയ തോതിൽ വർദ്ധിപ്പിക്കാൻ കാരണമായി.
കഠിനമായ ചൂടിനെ അതിജീവിക്കാനാവാതെ വൻതോതിൽ കോഴികൾ ചത്തൊടുങ്ങുന്നതിനൊപ്പം വിപണിയിൽ കോഴി വില കുറയുന്നതും കർഷകർക്ക് ഇരട്ടി പ്രഹരമാവുകയാണ്. ബാങ്ക് വായ്പയെടുത്തും മറ്റും ഫാം നടത്തുന്നവർ ഇതോടെ വലിയ കടക്കെണിയിലായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന കോഴി കർഷകർക്ക് അടിയന്തരമായി ആശ്വാസ ധനം ലഭ്യമാക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഫാം ഉടമകൾ.
